തൃശൂർ: ജീവൻ വെടിയാൻ തുനിഞ്ഞ സ്ത്രീക്കു രക്ഷകരായി പോലീസിന്റെ മിന്നൽവേഗത്തിലുള്ള ഇടപെടൽ. തൃശൂർ വനിതാ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണയുടെ ജാഗ്രതയും വിയ്യൂർ പോലീസിന്റെ സമയോചിതമായ നീക്കവുമാണ് മരണമുഖത്തുനിന്നു സ്ത്രീയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിൽ ഭർത്താവുമായി താമസിക്കുന്ന സ്ത്രീ നേരത്തേതന്നെ തന്റെ മാനസികപ്രയാസങ്ങൾ വനിതാ സ്റ്റേഷനിലെ എഎസ്ഐ അപർണയെ അറിയിച്ചിരുന്നു.
ഉദ്യോഗസ്ഥ നൽകിയ ആത്മവിശ്വാസത്തിൽ മുന്നോട്ടുപോകവെയാണ് ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി അപർണയുടെ ഫോണിലേക്കു സ്ത്രീയുടെ വീഡിയോ കോൾ വരുന്നത്. വീഡിയോയിൽ അവർ ജീവനൊ ടുക്കാൻ ശ്രമിക്കുന്നതുകണ്ട അപർണ ഉടൻതന്നെ വിയ്യൂർ സ്റ്റേഷനിലെ എഎസ്ഐ സജീവനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ വിയ്യൂർ എസ്എച്ച്ഒ നിമിഷ് ത്രിപാഠി, ഇൻസ്പെക്ടർ മഹേഷ് കുമാർ എന്നിവരുടെ നിർദേശപ്രകാരം എഎസ് ഐ സജീവനും സിവിൽ പോലീസ് ഓഫീസർ മനോജും വെറും ഒരുമിനിറ്റിനുള്ളിൽ ക്വാർട്ടേഴ്സിലെത്തി.
സാരിയിൽ കെട്ടിത്തൂങ്ങിയ സ്ത്രീയെ ഇതിനകം ഭർത്താവ് സാരിമുറിച്ച് രക്ഷിച്ചു നിലത്തുകിടത്തിയിരുന്നു. മരണവെപ്രാളത്തിൽ പിടയുന്ന സ്ത്രീയെ ഉടൻതന്നെ ഭർത്താവിനൊപ്പം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോലീസ് വാഹനത്തിൽ എത്തിച്ചു.
കൃത്യസമയത്തു ചികിത്സ നൽകാനായതിനാൽ സ്ത്രീ അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എഎസ്ഐ അപർണ ആശുപത്രിയിലെത്തി സ്ത്രീക്ക് ആവശ്യമായ പിന്തുണയും കൗൺസലിംഗും ഉറപ്പാക്കി.
മാനസികബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു സഹായത്തിനായി തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാമെന്നു പോലീസ് അറിയിച്ചു. ഫോൺ: 04872420720.